ഒരു മലയാളം ബ്ലോഗ് എഴുതണം എന്ന ആഗ്രഹം കുറെ കാലം ആയി മനസ്സിൽ തോന്നിയിട്ട്. വേറെ പണി ഒന്നും ഇല്ലാത്തപ്പോൾ മാത്രം ഇതു തോന്നും. നേരം പോക്കിനു വേണ്ടി എന്നും രാത്രി മുഖപുസ്തകം (FACEBOOK) ഞാൻ ഉപയോഗിക്കും. അതിൽ സുഹൃത്തുക്കളുടെ നീണ്ട നിരയിൽ, സ്കൂളിൽ പഠിച്ച ഒരു കൂട്ടുകാരനെ അപ്രതീഷിതമായി കാണാൻ ഇടയായി. വർഷങ്ങൾക്ക് മുൻപ് സ്കൂളിൽ നടന്ന പല രസകരമായ സംഭവങ്ങൾ എന്റെ മനസിൽ ഓടി എത്തി. അതിൽ ഒരെണ്ണം വിവരിക്കാം. ഒരു മുൻകൂർ ജാമ്യം എടുക്കുന്നു. അക്ഷര പിശകുകൾ ഉണ്ടെങ്കിൽ ക്ഷമിക്കുക :)
പന്ത്രണ്ടാം ക്ലാസ്സിൽ എനിക്ക് ഹിന്ദി പഠിക്കാനുണ്ട്. ഒരു ഹിന്ദി ക്ലാസ്സിൽ, ടീച്ചർ 'കബീർദാസ്' കവിതകൾ പഠിപ്പിക്കുകയായിരുന്നു. എന്നാൽ ക്ലാസ്സിലെ ഒരു കഥാപാത്രം ഇതു ഒന്നും തന്നെ ശ്രദ്ധിക്കാതെ, ഇന്നലെ കണ്ട സിനിമാകഥ കൂട്ടുകാർക്കു വിശദീകരിച്ചു കൊടുക്കുകയായിരുന്നു. ഒന്നു രണ്ടു പ്രാവശ്യം കണ്ണുരുട്ടി ടീച്ചർ താകീതു നല്കിയെങ്കിലും, ടിയാൻ അതു കണ്ട ഭാവം നടിക്കാതെ, സിനിമാകഥ വിവരണം തുടർന്നു. പിന്നീടുള്ള സംഭാഷണം ഇപ്രകാരമായിരുന്നു.
ടീച്ചർ : എന്താ മനീഷ്** ഇത്ര സംസാരം. സ്റ്റാണ്ട് അപ്പ് !!!
** വായനക്കാരുടെ ശ്രദ്ധയ്ക്ക് -- മനീഷ് എന്നതു യഥാർത്ഥ പേരു അല്ല. സ്വന്തം ആരോഗ്യം കണക്കിലെടുത്ത്, ഞാൻ യഥാർത്ഥ പേരു പറയുന്നില്ലാ. തൽകാലം മനീഷ് എന്ന് വിളിക്കാം.
കുറ്റം സമമതിച്ച പ്രതിയെ പോലെ അവൻ ഒന്നും മിണ്ടാതെ എഴുന്നേൽറ്റു നിന്നു.
ടീച്ചർ : കബീർദാസ് കിസ് കാൽ കെ കവി തെ ?? (Kabirdas kis kal ke kavi thae ??). മനീഷ് ഉത്തരം പറയു ....
** വായനക്കാരുടെ ശ്രദ്ധയ്ക്ക് -- "കബീർദാസ് ഏതു കാലഘട്ടത്തിലെ കവി അയിരുന്നു" -- ഇതാണ് ചോദ്യം.
"കബീർദാസ് ചൗദഹ് സദി കെ കവി തെ" --- ഇതാണ് ടീച്ചർ പ്രതീഷിച്ച ഉത്തരം (Kabirdas 14th century ke kavi thae -- Kabirdas was a poet of 14th century )
ഉത്തരം അറിയാതെ മനീഷ് വിഷമിച്ചു.
ടീച്ചർ വീണ്ടും: കബീർദാസ് കിസ് കാൽ കെ കവി തെ ?? പറയു .
"ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കാണിക്കുക" എന്ന പഴoചൊൽ അവന്റെ മനസ്സിൽ വന്നു. പക്ഷെ ഇതു ടീച്ചർ അല്ലേ. കൊഞ്ഞനം കാണിക്കാൻ പറ്റില്ല .
ക്ഷുഭിതയായ ടീച്ചർ വീണ്ടും : കബീർദാസ് കിസ് കാൽ കെ കവി തെ ???
സിനിമാകഥ കേട്ട് കൊണ്ടിരുന്ന ഒരു സുഹൃത്ത് , മനീഷിന്ടെ ദയനീയാവസ്ഥ കണ്ടു അവന്റെ സഹായത്തിനു എത്തി. അവൻ പതുക്കെ പിറുപിറുത്തു -- " അളിയാ, കബീർദാസ് വസന്ത കാൽ കെ കവി തെ ".
"നിങ്ങൽക്കും ആകാം കോടീശ്വരൻ " പരിപാടിയിൽ , അവസാനത്തെ ലൈഫ് - ലൈൻ ഉപയോഗിച്ച് ഒരു കോടി നേടിയ ആത്മവിശ്വാസത്തോടെ അവൻ സന്തോഷപൂർവം ഉറക്കെ പറഞ്ഞു --- "ടീച്ചർ, കബീർദാസ് വസന്ത കാൽ കെ കവി തെ ".
** "വസന്ത കാൽ" എന്നു പറഞ്ഞാൽ Spring Season എന്നാണ് അർഥം.
ഇതു കേട്ടതും ക്ലാസ്സ് മുഴുവനും പൊട്ടിച്ചിരികൾ കൊണ്ട് നിറഞ്ഞു. ക്ഷുഭിതയായ ടീച്ചർ പോലും ഈ തമാശ ശരിക്കും ആസ്വദിച്ചു.
NB : ക്ഷണികമായ ഈ ജീവിതത്തിൽ, എന്നും തിരക്ക് പിടിച്ച ഈ ജീവിത ശൈലിയിൽ, ഒരു പിടി രസകരമായ ഓർമ്മകൾ സമ്മാനിച്ച എന്റെ സുഹൃത്തുക്കൾക്ക് ഞാൻ ഇതു സമർപ്പിക്കുന്നു.